09:53pm 10 November 2026
NEWS
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
12/08/2025  07:08 PM IST
nila
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ കാരണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് കുടുംബം. നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം എൻഐഎ ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നൽകി. 

ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയതിന് പിന്നാലെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവർത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ യുവതിയുടെ ബന്ധുക്കൾ ഉയർത്തിയിരുന്നു. യുവതിയുടെ ആത്മഹത്യാ കുറിപ്പിലും ​ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. മതപരിവർത്തനം ഉൾപ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അതിനാൽ കേസ് എൻഐഎ അന്വേഷിക്കണമെന്നുമാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസി(24) നെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും മർദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പിൽ റമീസ് മതംമാറ്റത്തിന് നിർബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാൽ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടർന്നെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. റമീസ് ചെയ്ത തെറ്റുകൾ മനസ്സിലായിട്ടും റമീസിൻറെ വീട്ടുകാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തന്നോട് മരിച്ചോളാൻ റമീസ് പറഞ്ഞെന്നും കുറിപ്പിൽ പറയുന്നു. മതംമാറാൻ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാൽ, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോൾ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവർത്തനത്തിന് റമീസ് പിടിയിലായിട്ടും താൻ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മരിക്കുംമുൻപ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണിൽ അയച്ചുകൊടുത്തിരുന്നു. അവർ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആലുവയിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാർ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെൺകുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകർന്ന പെൺകുട്ടിയെ റമീസും വീട്ടുകാരും കൂടുതൽ ബുദ്ധിമുട്ടിച്ചുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പിൽ പെൺകുട്ടി വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img